2 ദിവസം പ്രായമായ നവജാത ശിശു ദുരൂഹ സാഹചര്യത്തിൽ പറമ്പിൽ മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ

പത്തനംതിട്ടയിലെ മെഴുവേലിയിൽ രണ്ട് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൾതാമസം ഇല്ലാത്ത പറമ്പിലാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. 21 വയസ്സുള്ള അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത് .
രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപ്രതി അധികൃതർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.കുഞ്ഞിന്റെ മരണത്തിൽ നിരവധി ദുരൂഹതകൾ നിലനിൽക്കുന്നു. പെൺകുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവർത്തകരെത്തി സ്ഥിരീകരിച്ചു.
എന്നാൽ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിൻറെ വിവരം അറിഞ്ഞതെന്ന് 21 കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെൺകുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. 21 കാരി ഗർഭിണിയായി വിവരം അറിയില്ല എന്നാണ് പ്രദേശത്തെ ആശാപ്രവർത്തകർ പറയുന്നത്.
ഫോറൻസിക് സ്ഥലത്തെത്തി പരിശോധന നടത്തി. പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആശുപത്രിയിൽ ചികിത്സയുള്ള 21 കാരിയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും.അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു