17കാരന് മദ്യം നൽകിയ ബാറിനെതിരെ കേസ്
തൃശൂർ മണ്ണുത്തിയിൽ 17കാരന് മദ്യം നൽകിയ ബാറിനെതിരെ പൊലീസ് കേസെടുത്തു. മണ്ണുത്തിയിലെ മയൂര ബാറിനെതിരെയാണ് കേസ്. 17കാരന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഓഗസ്റ്റ് 30ന് രാത്രി ഏഴരയോടെയാണ് സംഭവം. 17കാരനും സുഹൃത്തും മദ്യപിക്കാനായി ബാറിലെത്തുകയായിരുന്നു. മദ്യപിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടർന്ന് തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ 17കാരൻ മണ്ണുത്തി പൊലീസ് സ്റ്റേഷനിലെത്തി.
പൊലീസ് നടത്തിയ പരിശോധനയിൽ വയസ്സ് തെളിയിക്കുന്ന രേഖകൾ പരിശോധിച്ചതോടെയാണ് പരാതിക്കാരൻ പ്രായപൂർത്തിയാകാത്തയാളാണെന്ന് കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ അമ്മയെ വിളിച്ച് വിവരമറിയിക്കുകയും, അമ്മയുടെ പരാതിയിൽ ബാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.സംഘർഷത്തിൽ ഏർപ്പെട്ട 17കാരന്റെ സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
