ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കുന്നമംഗലം കോടതിയിലാണ് കുറ്റപത്രം നൽകുക. കേസിലെ പ്രതികളായ മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർ സി കെ രമേശൻ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ എം ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സുമാരായ മഞ്ജു, രഹന എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
ഇവരെ പ്രതി ചേർത്ത് പൊലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകി. ഇതിനിടെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന കോടതിയെ സമീപിക്കാനും നീക്കം ആരംഭിച്ചു. സർക്കാർ രണ്ട് ലക്ഷം രൂപ ധനഹായം അനുവദിച്ചിരുന്നെങ്കിലും ഹർഷിന നിരാകരിക്കുകയായിരുന്നു.
2017ൽ ആണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുടുങ്ങിയ കത്രിക അഞ്ച് വർഷമാണ് ഹർഷിനയ്ക്ക് വയറ്റിൽ ചുമക്കേണ്ടിവന്നത്. വേദന മാറാന്‍ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് 2022 സെപ്റ്റംബര്‍ 13ന് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങ്ങിലാണ് മൂത്രസഞ്ചിയില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തുന്നത്. പിന്നീട് മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.