ഭിന്നശേഷിക്കാരായ മുഴുവൻ ആളുകൾക്ക് സമഗ്രമായ പദ്ധതി പ്രഖ്യാപിക്കും;
സംസ്ഥാനത്തെ നൂറിലധികം കുട്ടികൾ പഠിക്കുന്ന ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി സാമ്പത്തിക പ്രതിസന്ധി പരിഗണിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യമായ തുക എത്രയായാലും സർക്കാർ മാറ്റിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ രാജ്യത്തെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇതിനായി സമഗ്രമായ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിച്ച് സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കും.
താൻ രണ്ടാമതും എംഎൽഎയായിരുന്ന കാലത്ത് സെക്രട്ടേറിയറ്റിൽ പോലും ഒരു വീൽചെയർ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ ഒരുകാരണവശാലും ആശങ്കപ്പെടേണ്ടതില്ലെന്നും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
