ആലപ്പുഴയിലെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപ്പിടിച്ചു

ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ആലപ്പുഴയിലെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപ്പിടിച്ചു. അമ്പലപ്പുഴ വണ്ടാനത്ത് മെഡിക്കൽ കോളേജിന് സമീപം പ്രധാന സംഭരണശാലയോട് ചേർന്നുള്ള കെട്ടിടത്തിലാണ് തീയും പുകയും ഉയർന്നത്. പ്രധാന കെട്ടിടത്തിന്റെ ജനലുകളും എസിയും പൂർണമായി കത്തിനശിച്ചു.
നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും പ്രവർത്തനം കൊണ്ട് അര മണിക്കൂറിനകം തീ നിയന്ത്രണ വിധേയമായി. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിൽ ഉണ്ടായ തീ മരുന്നുകൾ സൂക്ഷിച്ച ഇടങ്ങളിലേക്ക് പടരുന്നതിനു മുൻപ് അണയ്ക്കാനായി. അതേസമയം അപകടത്തെ തുടർന്ന് രാസവസ്തുക്കളുടെ ഗന്ധം പടർന്നത് ആശങ്കയുണ്ടാക്കി.
രണ്ടാഴ്ചക്കിടെ കെ.എം.എസ്.സി. എലിന്റെ മൂന്നാമത്തെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടാകുന്നത്. തിരുവനന്തപുരത്ത് തീപിടിത്തമുണ്ടായതോടെ ഇവിടെയും ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധന നടത്തുകയും പ്രശ്നങ്ങൾ ഇല്ലെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ കെട്ടിടത്തിലെ അഗ്നിരക്ഷാ സംവിധാനം പ്രവർത്തിച്ചിരുന്നില്ല.