ശാന്തൻപാറ കുടുംബാരോഗ്യകേന്ദ്രത്തിലെ ശൗചാലയത്തിൽ അതിഥിതൊഴിലാളി മാസംതികയാതെ പ്രസവിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചു

  1. Home
  2. Kerala

ശാന്തൻപാറ കുടുംബാരോഗ്യകേന്ദ്രത്തിലെ ശൗചാലയത്തിൽ അതിഥിതൊഴിലാളി മാസംതികയാതെ പ്രസവിച്ചു; ഇരട്ടക്കുട്ടികൾ മരിച്ചു

image


ഇടുക്കി ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ മാസം തികയാതെ പ്രസവിച്ച മധ്യപ്രദേശ് സ്വദേശിനിയുടെ ഇരട്ടക്കുട്ടികൾ മരിച്ചു. 19 വയസ്സുള്ള അനുരാധയെയാണ് വയറുവേദനയെത്തുടർന്ന് തിങ്കളാഴ്ച രാവിലെ ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.

ആറ് മാസം ഗർഭിണിയായിരുന്ന അനുരാധ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശൗചാലയത്തിൽ ആദ്യം ഒരു ആൺകുട്ടിയെ പ്രസവിച്ചു. ആശുപത്രി ജീവനക്കാർ ഇവരെ ശുചിമുറിയിൽനിന്ന് മാറ്റി പരിചരിക്കുന്നതിനിടെ മറ്റൊരു ആൺകുട്ടിയെക്കൂടി പ്രസവിച്ചു. രണ്ട് കുട്ടികൾക്കും ആദ്യം ചലനം ഉണ്ടായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം അമ്മയെയും കുട്ടികളെയും വിദഗ്ധചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തുംമുമ്പ് രണ്ടുകുട്ടികളും മരിച്ചു.അനുരാധ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടികളുടെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നാണ് ഡോക്ടർമാരുടെ പ്രാഥമികനിഗമനം.