'ഇല്ലാതാക്കി കളയാമെന്ന് വ്യാമോഹിച്ചവർക്കുള്ള മറുപടി, എൽ.ഡി.എഫിന് മികച്ച മുന്നേറ്റം'; ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ എം.വി. ഗോവിന്ദൻ
സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിന് സീറ്റും വോട്ടും കുറഞ്ഞുവെന്നും ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള ചുട്ട മറുപടിയാണ് ഈ ജനവിധിയെന്നും അദ്ദേഹം പ്രതികരിച്ചു.
മുൻപ് 15 സീറ്റുകളിൽ മാത്രം വിജയിച്ചിരുന്ന എൽ.ഡി.എഫ് ഇത്തവണ രാഷ്ട്രീയ വോട്ടുകൾ നിർണയിക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കല്ലറയിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ അവിശുദ്ധ ധാരണയാണ് യു.ഡി.എഫ് വിജയത്തിന് പിന്നിലെന്നും, ബി.ജെ.പിക്ക് ഇവിടെ വലിയ തോതിൽ വോട്ട് കുറഞ്ഞതായും അദ്ദേഹം ആരോപിച്ചു.
അതേസമയം ഇ.ഡി നടപടികൾക്കെതിരെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും സെമിനാറുകൾ സംഘടിപ്പിക്കുമെന്നും, എന്നാൽ വിഷയം കൈകാര്യം ചെയ്യുന്നതിൽ അവസരവാദ നിലപാട് സ്വീകരിക്കുന്നതിനാൽ രാഹുൽ ഗാന്ധിയെ പരിപാടിയിലേക്ക് ക്ഷണിക്കില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
