ആരോഗ്യവകുപ്പിലെ പത്തുവർഷത്തെ പർച്ചേസുകളിൽ സമഗ്ര അന്വേഷണം; ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

  1. Home
  2. Kerala

ആരോഗ്യവകുപ്പിലെ പത്തുവർഷത്തെ പർച്ചേസുകളിൽ സമഗ്ര അന്വേഷണം; ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

k muraleedharan  


ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടത്തിയ മെഡിക്കൽ ഉപകരണ പർച്ചേസുകളിൽ സമഗ്രമായ വകുപ്പുതല അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. മെഡിക്കൽ കോളജുകളിലും വിവിധ സർക്കാർ ആശുപത്രികളിലും കോടികൾ മുടക്കി വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നത് സംബന്ധിച്ച പരാതികളെ തുടർന്നാണ് നടപടി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കമ്മീഷൻ ലക്ഷ്യമിട്ടാണോ കോടികളുടെ ഉപകരണങ്ങൾ വാങ്ങി കൂട്ടിയതെന്ന് അന്വേഷിക്കുമെന്നും ഇതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്ലാൻ ഫണ്ട്, കേന്ദ്ര പദ്ധതിയായ പി.എം.എസ്.എസ്.വൈ ഫണ്ട് എന്നിവ ഉപയോഗിച്ച് നടത്തിയ പർച്ചേസുകളും കോവിഡ് കാലത്ത് കേന്ദ്രസർക്കാർ നൽകിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഇട്ടിരിക്കുന്നതും അന്വേഷണ പരിധിയിൽ വരും. കഴിഞ്ഞ ദിവസം വയനാട് മെഡിക്കൽ കോളജ് സന്ദർശിച്ചപ്പോൾ കോടികൾ വിലയുള്ള മൊബൈൽ മോർച്ചറികൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഗോഡൗണിൽ തള്ളിയിരിക്കുന്നത് നേരിട്ട് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓട്ടോ ക്ലേവ് മെഷീൻ, ജനറൽ ആശുപത്രിയിലെ ഓക്സിജൻ കോൺസൻട്രേറ്ററുകൾ, പേരൂർക്കട ജില്ലാ ആശുപത്രിയിലെ സോളാർ പ്ലാന്റും ജനറേറ്ററും ഉൾപ്പെടെയുള്ളവ പ്രവർത്തനസജ്ജമല്ലാതെ നശിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 14 ജില്ലകളിലും നടക്കുന്ന വകുപ്പുതല അന്വേഷണത്തിന് ശേഷം ധനകാര്യവകുപ്പും ഇത് പരിശോധിക്കും. ക്രമക്കേടുകൾ കണ്ടെത്തിയാൽ കേസ് വിജിലൻസിന് കൈമാറുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.