രണ്ടുദിവസത്തെ സന്ദർശനം; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 2.10-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. തുടർന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന അദ്ദേഹം എസ്.ബി. കോളേജിന്റെ ശതാബ്ദി ആഘോഷ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ന് രാത്രി കൊച്ചിയിൽ തങ്ങുന്ന ഉപരാഷ്ട്രപതി, ഞായറാഴ്ച രാവിലെ 11-ന് തൃശ്ശൂർ നടത്തറയിലെ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപന ചടങ്ങിലും സംബന്ധിക്കും. സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹം നെടുമ്പാശ്ശേരിയിൽ നിന്ന് മടങ്ങും.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്ന് വൈകുന്നേരം 5 മുതൽ 7 വരെയും ഞായറാഴ്ച രാവിലെ 8 മുതൽ 11 വരെയും കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാത്തുരുത്തി ജങ്ഷൻ മുതൽ ഹൈക്കോടതി ജങ്ഷൻ വരെയുള്ള വില്ലിങ്ടൺ ഐലൻഡ്, നേവൽ ബേസ്, തേവര, എം.ജി. റോഡ്, ബാനർജി റോഡ്, പാർക്ക് അവന്യൂ, ഷണ്മുഖം റോഡ് എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും നിയന്ത്രണമുള്ളത്. സുരക്ഷയുടെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ ഡ്രോൺ പറത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ തോപ്പുംപടി ബി.ഒ.ടി. പാലം, കുണ്ടന്നൂർ, വൈറ്റില വഴി തിരിഞ്ഞുപോകണം. വൈപ്പിൻ ഭാഗത്തുനിന്ന് വരുന്നവർ കലൂർ, കടവന്ത്ര വഴി യാത്ര തുടരേണ്ടതാണ്. എം.ജി. റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. വി.വി.ഐ.പി യാത്രയുടെ സമയത്ത് ഹൈക്കോടതി ജങ്ഷൻ വരെയേ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. യാത്രക്കാർ ബദൽ മാർഗ്ഗങ്ങളോ ജങ്കാർ സർവീസോ ഉപയോഗിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
