കഴക്കൂട്ടത്ത് നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഐടി ജീവനക്കാരായ യുവാവും യുവതിയും മരിച്ചു
നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി വൈദ്യുത പോസ്റ്റിലിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. കഴക്കൂട്ടം യു.എസ്.ടി ഗ്ലോബലിലെ ജീവനക്കാരൻ എറണാകുളം മുളവൂർ സ്വദേശി നവീൻ സിബി (25), കഴക്കൂട്ടം കിൻഫ്രയിലെ ഇ.വൈ ജീവനക്കാരി ഇടുക്കി തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് മരിച്ചത്. കഴക്കൂട്ടം - കാരോട് ദേശീയപാതയിൽ പാച്ചല്ലൂർ ടോൾ പ്ലാസയ്ക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു അപകടം.
കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും അവിടുത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയുമായിരുന്നു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് നാട്ടുകാർ പറഞ്ഞു. മൃദുല സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജീവനുണ്ടായിരുന്ന നവീനെ ഉടൻ തന്നെ ദേശീയപാത അതോറിറ്റിയുടെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.
മൃതദേഹങ്ങൾ നിലവിൽ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവല്ലം എസ്.എച്ച്.ഒ വി. ബിജുവിന്റെ നേതൃത്വത്തിൽ പോലീസ് അപകടസ്ഥലം പരിശോധിച്ച് തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുന്നതിനായി ടോൾ പ്ലാസയിലെയും സമീപത്തെയും സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. നവീൻ സിബി ജോസഫിന്റെ മകനാണ്. ഉമ്മൻ വർഗീസും സജി ഉമ്മനുമാണ് മൃദുലയുടെ മാതാപിതാക്കൾ.
