അഭിമന്യു വധക്കേസ്: രഹസ്യവിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി തള്ളി

  1. Home
  2. Kerala

അഭിമന്യു വധക്കേസ്: രഹസ്യവിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി തള്ളി

ABHIMANYU


അഭിമന്യു വധക്കേസിൽ രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇതോടെ കേസിന്റെ വിചാരണ തുറന്ന കോടതിയിൽ തന്നെ തുടരും. ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ്‌ അപേക്ഷയിൽ വിധി പറഞ്ഞത്.

ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികളാണ് കേസ് അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. എന്നാൽ പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, രഹസ്യവിചാരണ ഒരു തരത്തിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരുന്നു.

കേസിന്റെ വിചാരണ ഒക്ടോബർ 15നാണ് ആരംഭിക്കുന്നത്. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് ജഡ്ജി കെ കെ ബാലകൃഷ്ണൻ വിചാരണയ്ക്ക് ഉത്തരവിട്ടത്. ആകെ 16 പ്രതികളാണുള്ളത്. 2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്.