അഭിമന്യു വധക്കേസ്: ഒക്ടോബർ 15ന് സാക്ഷിവിസ്താരം; ഡിസംബർ ആറിനകം വിചാരണ പൂർത്തിയാക്കാൻ നിർദേശം
എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിൽ സാക്ഷിവിസ്താരം ഒക്ടോബർ 15ന് ആരംഭിക്കും. ഡിസംബർ ആറിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഒക്ടോബർ 15 മുതൽ 17 ദിവസം സാക്ഷിവിസ്താരം നടത്താനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചിരിക്കുന്നത്.
എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്. വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസിൽ ആകെ 26 പ്രതികളാണുള്ളത്. ഇതിൽ ആദ്യ 16 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഇവർക്കെതിരായ വിചാരണയാണ് ആദ്യഘട്ടത്തിൽ നടക്കുക.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് കേസ്. ആക്രമണത്തിനിടെ ഒരാൾ അഭിമന്യുവിനെ പിടിച്ചുനിർത്തുകയും സഹൽ എന്നയാൾ നെഞ്ചിൽ കുത്തുകയുമായിരുന്നു.2018 സെപ്റ്റംബറിലാണ് 16 ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
