അഭിറാം കൊലക്കേസ്: മുഖ്യപ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ തള്ളി; സ്ഥിരം കുറ്റവാളിയുടേതിന് സമാനമായ മനോനിലയെന്ന് മെഡിക്കൽ റിപ്പോർട്ട്
ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിറാം കൊലക്കേസിൽ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. മജിസ്ട്രേറ്റ് വിനോദ് ബാബുവാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. പ്രതിയുടെ മാനസികാവസ്ഥ സ്ഥിരം കുറ്റവാളിയുടേതിന് സമാനമാണെന്ന മെഡിക്കൽ ബോർഡിന്റെ നിർണ്ണായക റിപ്പോർട്ട് പരിഗണിച്ചാണ് ബോർഡിന്റെ ഈ നടപടി.
പ്രതിയുടെ മാനസികനില സംബന്ധിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടും ജുവനൈൽ ജസ്റ്റിസ് ബോർഡ് വിശദമായി പരിശോധിച്ചിരുന്നു. കേസിന്റെ ഗൗരവവും മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകളും അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളും കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം അനുവദിക്കേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചത്. അഭിറാമിനെ സംഭവസ്ഥലത്ത് എത്തിച്ചശേഷം ഉണ്ടായ തർക്കത്തിനിടെ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് 17-കാരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു; കൗൺസിലിംഗിന് വിധേയനാക്കിയപ്പോഴാണ് കൊലപാതകത്തിന്റെ കൂടുതൽ ക്രൂരമായ വിവരങ്ങൾ പുറത്തുവന്നത്. തലയ്ക്ക് അടിയേറ്റ് ബോധരഹിതനായ അഭിറാമിനെ അവിടെ ഉപേക്ഷിച്ചു പോയ പ്രതി, കൂട്ടാളിയായ ഉമറിനെയും കൂട്ടി വീണ്ടും സ്ഥലത്തെത്തുകയായിരുന്നു.
തുടർന്ന് അഭിറാമിനെ വിളിച്ചുണർത്തിയ ശേഷം ഇരുവരും ചേർന്ന് ബെൽറ്റ് കൊണ്ട് കഴുത്തു മുറുക്കി മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കേസിലെ സുപ്രധാന തെളിവുകളായ ബെൽറ്റും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നവംബർ ഒന്നിന് കാണാതായ അഭിറാമിന്റെ മൃതദേഹം പിറ്റേന്ന് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്; സംഭവത്തിൽ ഇതുവരെ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്.
