ശ്രീകാര്യത്തെ അഭിരാമിന്റെ കൊലപാതകം: പതിനേഴുകാരന്റെ പെൺസുഹൃത്ത് ഉൾപ്പെടെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

  1. Home
  2. Kerala

ശ്രീകാര്യത്തെ അഭിരാമിന്റെ കൊലപാതകം: പതിനേഴുകാരന്റെ പെൺസുഹൃത്ത് ഉൾപ്പെടെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

abhiram death


തിരുവനന്തപുരം ശ്രീകാര്യത്ത് 17-കാരനായ അഭിറാം ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്തായ 17-കാരൻ, ഇയാളുടെ പെൺസുഹൃത്തും ശ്രീവരാഹം സ്വദേശിയുമായ അനന്ത (18), കാപ്പാ കേസ് പ്രതിയായ ശ്രീകാര്യം സ്വദേശി ഉമർ എന്നിവരുടെ അറസ്റ്റാണ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

കൊലപാതകത്തെക്കുറിച്ച് പെൺകുട്ടിക്ക് പൂർണ്ണ വിവരമുണ്ടായിരുന്നുവെന്നും, കൃത്യം നടപ്പാക്കിയ ഉടൻ തന്നെ പ്രധാനപ്രതി വിവരം പെൺകുട്ടിയെ അറിയിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. ഇതേത്തുടർന്നാണ് വിദ്യാർത്ഥിനിയായ അനന്തയെ കേസിലെ പ്രതിയായി ചേർത്തത്. അതേസമയം, പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി അഭിറാമിന്റെ പിതാവ് മധുകുമാർ ആരോപിച്ചു. ആദ്യദിവസം കസ്റ്റഡിയിലെടുത്ത പ്രധാന പ്രതിയെ വിശദമായി ചോദ്യം ചെയ്യാതെ പോലീസ് വിട്ടയച്ചുവെന്നും, ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കാനാണ് 17-കാരൻ കുറ്റം തനിച്ച് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രണയ തർക്കവും ഇൻസ്റ്റാഗ്രാം സന്ദേശങ്ങളെച്ചൊല്ലിയുള്ള വൈരാഗ്യവുമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഭിറാമിനെ മറ്റൊരു സുഹൃത്തിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്താൻ ഉപയോ​ഗിക്കുകയായിരുന്നുവെന്നും, വാക്കുതർക്കത്തിനിടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പ്രതികളുടെ മൊഴി. ഞായറാഴ്ച കാണാതായ അഭിറാമിന്റെ മൃതദേഹം തിങ്കളാഴ്ചയാണ് ചാക്കിൽ കെട്ടിയ നിലയിൽ വഴിയോരത്ത് കണ്ടെത്തിയത്. വിദേശത്തുള്ള സഹോദരി എത്തിയ ശേഷം അഭിറാമിന്റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും.