അക്രമാസക്തരായ തെരുവ് നായ്ക്കൾ നിറഞ്ഞ, ചോർന്നൊലിക്കുന്ന കെട്ടിടം; തിരുവനന്തപുരം നഗരത്തിനു നടുവിലെ ആ പടുകൂറ്റൻ കെട്ടിടം ഏതാണ്?

  1. Home
  2. Kerala

അക്രമാസക്തരായ തെരുവ് നായ്ക്കൾ നിറഞ്ഞ, ചോർന്നൊലിക്കുന്ന കെട്ടിടം; തിരുവനന്തപുരം നഗരത്തിനു നടുവിലെ ആ പടുകൂറ്റൻ കെട്ടിടം ഏതാണ്?

ksrtc


തിരുവന്തപുരത്തെ കെ എസ് ആർ ടി സി ടെർമിനലിൽ ഒന്നര മണിക്കൂർ കഴിച്ചു കൂട്ടേണ്ടി വന്ന അനുഭവം എഴുതുകയാണ് ലീൻ ജെസ്മസ് ഫേസ്ബുക്ക് പേജിലൂടെ.

'നമ്മുടെ ഭരണ വൈകൃതങ്ങളുടെ, ദുരന്ത സൃഷ്ടികളെ കുറിച്ച് ചിന്തിക്കുകയായിരുന്നു .ആകാശപ്പാതയെന്നാൽ ,പടവലങ്ങ പടർത്താനുള്ള കമ്പി പന്തൽ കുഴിച്ചിടലാണെന്ന വികസന ബോധം കൈമുതലായുള്ള ഭരണാധികാരികൾ 65  കോടി രൂപ യുടെ കടമെടുത്ത തുക കൊണ്ട് ,നഷ്ടത്തിലോടുന്ന കെ എസ് ആർ ടി സി യ്ക്ക് വേണ്ടി നിർമ്മിച്ച മുതലാണ് ഈ കെട്ടിടം .പത്ത് കൊല്ലം മുൻപ് പണിതീർത്ത് ഉത്ഘാടനം നടത്തിയ കെട്ടിടത്തിൻറെ ദുരവസ്ഥ ആരെങ്കിലുമൊക്കെ അടുത്ത് ചെന്ന് കാണണം.'


പൂർണരൂപം
മഴ തോരാതെ പെയ്യുകയാണ് ..നേരം പുലർച്ചെ ഒരു മണി കഴിയുന്നു. നഗരത്തിന്റെ ഹൃദയ ഭാഗത്ത് .ഒരു പന്ത്രണ്ട് നില കെട്ടിടത്തിന്റെ താഴെ നിലയിൽ നിൽക്കുകയാണ് ഞാൻ .

കെട്ടിടത്തിന്റെ പൊട്ടിപ്പൊളിഞ്ഞ ചുറ്റുപാടുകളിൽ  ചെളികെട്ടിയ വെള്ളത്തിന്റെ കുത്തൊഴുക്കുണ്ട് .മുകൾ ഭാഗം ചോർന്ന്  കെട്ടിടത്തിനുള്ളിലെ ചിലയിടങ്ങളിലും  പുറത്തെന്ന പോലെ മഴ പെയ്തു നിൽക്കുന്നു .
ഒരു തെരുവിൽ നിൽക്കുന്ന അരക്ഷിത ബോധത്തോടെ ഞാൻ ചുറ്റുമുള്ള കാഴ്ചകൾ കാണുകയാണ് ..

ഒരു കൂട്ടം തെരുവ് നായ്ക്കൾ ,മനുഷ്യരെ തെല്ലും കൂസാതെ സ്വയം 'രംഗ അണ്ണന്മാരായി ' വിലസുന്നുണ്ടവിടെ ..മനുഷ്യക്കൂട്ടത്തിനിടയിൽ പരസ്പരം പോരടിക്കുകയും സ്വന്തം  വീര്യം കാട്ടുകയും ചെയ്യുന്ന ശുനകർ എപ്പോഴാകും അക്രമം അഴിച്ചു വിടുക എന്ന ആധിയോടെ സ്വയം ഒതുങ്ങി നിൽക്കുകയാണ് പലരും .

ഇതിനിടയിൽ ഉറക്കെ ,നാട്ടുകാരെ പുലഭ്യം പറയുന്ന അർദ്ധ ബോധത്തിനുടമയായ ഒരു സ്ത്രീ ..അവർ കസേരകളിൽ പാതി മയക്കത്തിൽ ഇരുപ്പുറപ്പിച്ച ചിലർക്ക് മുന്നിലെത്തി ,ചില ബിഗ്ബോസ് വിജയികളെ പോലെ സമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിക്കുകയാണ് ..

ഞാൻ കെട്ടിടത്തിന്റെ മറ്റേ അറ്റത്തേക്ക് നടന്നു നോക്കി ..എത്രയോ മനുഷ്യരാണ് മഴയിൽ ഈറനായ ഈ  കെട്ടിടത്തിന്റെ തറയിൽ കിടന്നുറങ്ങുന്നത്. തനിച്ചും ,കുടുംബമായും രാത്രി കഴിച്ചു കൂട്ടാൻ ,ഇവിടം തെരെഞ്ഞെടുക്കേണ്ടി വന്ന നിസ്സഹായരായ മനുഷ്യർ .
തീർത്തും വൃത്തി ഹീനമായ ഈ പരിസരത്ത് ,ചായ ,ജ്യൂസ് ,പലഹാരങ്ങൾ തുടങ്ങി എല്ലാ ആഹാര വിൽപ്പനകളും മത്സരിച്ചു നടക്കുന്നു ..
ഇതിനിടയിലേക്ക്,ഒട്ടും അനുയോജ്യരല്ലാത്ത ഒരു കുടുംബം നടന്നു വരുന്നു .നാല് മുതിർന്ന പെൺകുട്ടികൾ .അവരിൽ ഒരാൾ സ്വന്തം ഓമന നായ്ക്കുട്ടിയെ കയ്യിലെടുത്തിട്ടുണ്ട് . ലാസ് അപ്‌സെ ഇനത്തിൽ പെട്ട ആ നായക്കുട്ടി ഇടയ്ക്കിടെ പെൺകുട്ടിയുടെ കയ്യിൽ നിന്നും ഊർന്നിറങ്ങാൻ നോക്കുന്നുണ്ട് .അങ്ങനെ എങ്ങാനും സംഭവിച്ചാൽ ,അവിടം വാഴുന്ന തെരുവ് നായ്ക്കൾക്കിടയിൽ പെട്ട് പോകുന്ന ആ കുഞ്ഞു നായയുടെ അവസ്ഥയെ കുറിച്ച് ആധിയോടെ ചിന്തിക്കുകയും ,എത്രയും വേഗം ആ പെൺകുട്ടികൾ  യാത്ര അയപ്പ് കഴിഞ്ഞ് മടങ്ങിയെങ്കിൽ  എന്നാഗ്രഹിക്കുകയും ചെയ്തു ഞാൻ .
അപ്പോഴാണ് മറ്റൊരൊച്ച മഴയ്ക്ക് മുകളിലൂടെ വന്നലച്ചു തുടങ്ങിയത് .കഷ്ടിച്ചു ,അൻപത് വയസ്സ് തോന്നിക്കുന്ന മെല്ലിച്ചൊരാൾ ..നീല ഷർട്ടും പാന്റും ധരിച്ച അയാൾ ,ഉച്ചത്തിൽ ചീത്ത വിളിക്കുകയാണ് .അവിടെ കൂടി നിൽക്കുന്നവർക്ക് മുന്നിലൂടെ കൈ ചൂണ്ടി ചീത്ത പറഞ്ഞു മുന്നോട്ടു നടക്കുകയാണയാൾ .
അയാൾ ചെന്ന് നിന്നത് ,മതിലിനോട് ചാരി നിന്നിരുന്ന ഒരു ഭാര്യയ്ക്കും ,ഭർത്താവിനും മുൻപിലേക്കാണ് .
തട്ടം കൊണ്ട് മുഖം മറച്ചിരുന്ന ആ സ്ത്രീയുടെ നേരെ വിരൽ ചൂണ്ടി അയാൾ അസഭ്യം  പറഞ്ഞു തുടങ്ങിയപ്പോൾ ,ഭർത്താവ്  അവർക്ക് മുൻപിൽ മറയായി നിന്നു നോക്കി .അപ്പോഴേക്കും  സമനില തെറ്റിയ അയാളെ  മറ്റൊരാൾ പുറത്തേക്ക് തള്ളി നീക്കാൻ തുടങ്ങി...എവിടെ നിന്നോ ഒരു പോലീസുകാരൻ എത്തി ..അയാളെ വലിച്ചു നീക്കി ..അപ്പോഴാണ് കെട്ടിടത്തിന്റെ യഥാർത്ഥ കാവൽക്കാർ സട കുടഞ്ഞെഴുന്നേറ്റത് .നായക്കൂട്ടം ഒന്നാകെ അയാൾക്ക് നേരെ കുരച്ചു ചാടി ..

മണി രണ്ടാകുന്നു ....ഞാൻ കെട്ടിടത്തിലെ കൗണ്ടറിന് മുൻപിലെത്തി 
..രണ്ട് മണിക്കുള്ള വണ്ടി എപ്പോഴെത്തും എന്ന ചോദ്യവുമായി .. വണ്ടിയെത്താൻ ഇനിയും അര മണിക്കൂർ കഴിയും .

തിരുവന്തപുരത്തെ കെ .എസ് .ആർ .ടി .സി.ടെർമിനലിൽ ഒന്നര മണിക്കൂർ കഴിച്ചു കൂട്ടേണ്ടി വന്നപ്പോൾ ,നമ്മുടെ ഭരണ വൈകൃതങ്ങളുടെ, ദുരന്ത സൃഷ്ടികളെ കുറിച്ച് ചിന്തിക്കുകയായിരുന്നു .ആകാശപ്പാതയെന്നാൽ ,പടവലങ്ങ പടർത്താനുള്ള കമ്പി പന്തൽ കുഴിച്ചിടലാണെന്ന വികസന ബോധം കൈമുതലായുള്ള ഭരണാധികാരികൾ 65  കോടി രൂപ യുടെ കടമെടുത്ത തുക കൊണ്ട് ,നഷ്ടത്തിലോടുന്ന കെ എസ് ആർ ടി സി യ്ക്ക് വേണ്ടി നിർമ്മിച്ച മുതലാണ് ഈ കെട്ടിടം .പത്ത് കൊല്ലം മുൻപ് പണിതീർത്ത് ഉത്ഘാടനം നടത്തിയ കെട്ടിടത്തിൻറെ ദുരവസ്ഥ ആരെങ്കിലുമൊക്കെ അടുത്ത് ചെന്ന് കാണണം .

ഈ പന്ത്രണ്ട് നില കെട്ടിടത്തിൽ പലതരം പരീക്ഷണങ്ങൾ നടന്ന് പോരുന്നുണ്ട് ..ആത്യന്തികമായി ,യാതൊരു ധാരണകളും ഇല്ലാതെ നടപ്പിലാക്കപ്പെട്ട ഒരു നിർമാണ പദ്ധതിയുടെ ദാരുണാവസ്ഥയെ അതൊക്കെ എത്ര കണ്ട് ഭേദപ്പെടുത്തും എന്നത് സംശയം ..

വഴിമാറി ചിന്തിക്കാനും ,നടക്കാനും കരുത്തുള്ള പുതിയ ഗതാഗത മന്ത്രിക്ക് മുന്നിൽ ഈ കെട്ടിടത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള ചില പാതിരാ ചിന്തകൾ പങ്ക് വെയ്ക്കണം എന്ന് തോന്നി .

തമ്പാനൂരിലെ കെ എസ് .ആർ ടി സി ബസ് ഓപ്പറേഷനുകൾക്ക് ആവശ്യമായ ഒരു ഹബ്ബ്  എന്നതിനപ്പുറം ഒരു പടുകൂറ്റൻ കെട്ടിടം സ്വന്തമായുള്ളത് കൊണ്ട് ,ആനവണ്ടിയുടെ നിലവിലുള്ള അവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടാകുന്നില്ല ..നഗര ഹൃദയത്തിലെ ഈ പന്ത്രണ്ട് നില കെട്ടിടം ഏതെങ്കിലുമൊരു വമ്പൻ സ്വകാര്യ കമ്പനി ഒരു ഷോപ്പിംഗ് മാൾ ആക്കി മാറ്റട്ടെ ..കെട്ടിടത്തിന്റെ പിൻഭാഗം കെ .എസ് .ആർ .ടി .സി യ്ക്ക് ഉപയോഗിക്കാമല്ലോ .വൃത്തിയും വെടിപ്പുമുള്ള ഒരു ഷോപ്പിംഗ് മാൾ പരിസരത്ത് അന്തസ്സോടെയും ,ഭയപ്പാടില്ലാതെയും യാത്രക്കാർ വന്നെത്തട്ടെ ..അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുക ..ഇന്ന് ബസ് സ്റ്റാന്റിനുള്ളിലും ,ചുറ്റുമായി അനാരോഗ്യകരമായ ആഹാരകച്ചവടം നടത്തുന്നവരെ ,ഒരു ഫുഡ് കോർട്ടിൽ പുനഃരധിവസിപ്പിക്കുക .
നിലവിലുള്ള ഡോർമെറ്ററികളിലേക്കും ,തീയേറ്ററിലേക്കുമൊക്കെ ജനം കുടുംബത്തോടെ ധൈര്യമായി കടന്ന് ചെല്ലാൻ മടിക്കുന്ന അവസ്ഥ മാറട്ടെ ..
ഇതിനൊക്കെ ഉപരി ,വകുപ്പിന് കടങ്ങളുടെ ഊരാക്കുടുക്കുകളിൽ നിന്നൂരിയിറങ്ങാൻ ഇത്തരമൊരു നീക്കം കൊണ്ട് സാധിക്കട്ടെ ..ഇനി ,സർക്കാർ മുതൽ സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നത്  കൊണ്ട് രാജ്യം ഇടിഞ്ഞു വീഴുമെന്ന് ആരെങ്കിലുമൊക്കെ ചിന്തിക്കുന്നെങ്കിൽ ,അത്രയും ഭാഗം ചുമ്മാ അങ്ങ് ഇടിഞ്ഞു വീഴട്ടെന്നെ ......