കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമർശം; പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് നീക്കം
മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ വാട്‌സാപ്പിലൂടെ അധിക്ഷേപ പരാമർശം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് നീക്കം. വാട്‌സാപ്പ് സന്ദേശത്തിൽ കെ.എം. ഷാജിയെ ‘വർഗ്ഗീയവാദി’ എന്ന് വിശേഷിപ്പിക്കുകയും വ്യക്തിഹത്യ നടത്താൻ ശ്രമിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ സുജിത്താണ് വിവാദമായ ഈ അധിക്ഷേപ സന്ദേശം നവമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കാസർകോട് ജില്ലയിലെ പോലീസുകാരുടെ വാട്‌സാപ്പ് കൂട്ടായ്മയായ 'പൊലീസ് ഫ്രണ്ട്സ്' (POLICE FRIENDS) എന്ന ഗ്രൂപ്പിലാണ് സി.പി.ഓ സന്ദേശമയച്ചത്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം (സ്പെഷ്യൽ ബ്രാഞ്ച്) വിശദമായി അന്വേഷിച്ച് ജില്ലാ പോലീസ് മേധാവിക്ക് അടിയന്തര റിപ്പോർട്ട് സമർപ്പിച്ചു.
വിവാദമായ വാട്‌സാപ്പ് സന്ദേശത്തിന്റെ പൂർണ്ണരൂപം:
‘സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വിഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ.എം. ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ’.