സമരത്തിനെതിരെ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർഥിനി
ജന്തർമന്തറിലെ പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർഥി സമരത്തിൽ പങ്കെടുത്തവർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടനും സംവിധായകനുമായ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർഥിനിയായ മാളവികയാണ് സുപ്രീം കോടതി അഭിഭാഷകൻ വിനീത് എസ്. വർക്കലവിള മുഖേന നോട്ടീസ് അയച്ചത്.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിദ്യാർഥികളെ അപകീർത്തിപ്പെടുത്തിയെന്നാരോപിക്കുന്ന നോട്ടീസിൽ പറയുന്നു.
നീറ്റ് പരീക്ഷാ വിവാദത്തിലെ വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകൾ വിസ്മയ രംഗത്തെത്തിയിരുന്നു. ഇതിനെ വിമർശിച്ച് സംസാരിക്കവേയാണ് സമരത്തിൽ പങ്കെടുത്തവർക്കെതിരെ മേജർ രവി പരാമർശം നടത്തിയത്. സമരക്കാർ മദ്യത്തിനും സൗജന്യ ഭക്ഷണത്തിനും വേണ്ടിയാണ് എത്തുന്നതെന്ന അടക്കമുള്ള ആരോപണങ്ങൾ മേജർ രവി പിൻവലിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
