കൊല്ലത്ത് ലോക്കപ്പിൽനിന്ന് ചാടിയ പ്രതിയും കൂട്ടാളിയായ പതിനേഴുകാരനും പിടിയിൽ
കുണ്ടറ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽനിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതി പോലീസ് പിടിയിലായി. നാന്തിരിക്കലിൽ നിർമാണം നടക്കുന്ന വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികൾ കവർന്ന കേസിൽ കസ്റ്റഡിയിലായ വൈജേഷിനെയാണ് സാരഥി ജങ്ഷന് സമീപത്തുനിന്ന് പോലീസ് വീണ്ടും പിടികൂടിയത്. പ്രതിയെ പിടികൂടുമ്പോൾ മോഷണങ്ങളിൽ പങ്കാളിയായ പതിനേഴുകാരനും ഒപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത വൈജേഷിനെ വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി 11 മണിയോടെയാണ് കുണ്ടറ സ്റ്റേഷനിലെത്തിച്ചത്. എന്നാൽ പ്രതിയെ ലോക്കപ്പിലിട്ട ശേഷം വാതിൽ പൂട്ടാൻ പോലീസ് മറന്നുപോവുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ മാറിയ സമയം നോക്കി പുലർച്ചെ ഒരു മണിയോടെ പ്രതി ലോക്കപ്പിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ വാടകക്കടയിൽ തിരികെ നൽകാനെത്തിയപ്പോഴാണ് നാട്ടുകാർ വൈജേഷിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതിയും കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും വീണ്ടും പിടിയിലാകുന്നത്. ഇരുവരെയും കുണ്ടറ സ്റ്റേഷനിലെത്തിച്ചു.
