ഗാന്ധിവധത്തിലെ പ്രതി; സവർക്കറെ ദേശസ്‌നേഹിയാക്കുന്നത് ആർഎസ്എസ് - ബിജെപി അജണ്ട: എം.കെ. മുനീർ
വി.ഡി. സവർക്കറെ ദേശസ്‌നേഹിയാക്കി ചിത്രീകരിക്കുന്നത് ആർഎസ്എസ് - ബിജെപി അജണ്ടയുടെ ഭാഗമാണെന്ന് മുതിർന്ന മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ. കാസർകോട് ജില്ലയിലെ ഉപജില്ലാ ഫ്രീഡം ക്വിസിൽ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സവർക്കർ ഗാന്ധിവധക്കേസിലെ പ്രതിയാണെന്നും തെളിവുകളുടെ അഭാവത്തിലാണ് അന്ന് ഒഴിവാക്കപ്പെട്ടതെങ്കിലും കപൂർ കമ്മീഷൻ റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നുണ്ടെന്നും മുനീർ ചൂണ്ടിക്കാട്ടി.
പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് ഉപസമിതി റിപ്പോർട്ട് വന്ന ശേഷമേ നിലപാട് വ്യക്തമാക്കൂവെന്നും ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ, ആഗ്രഹിക്കുന്നവർ ചൊല്ലട്ടെ എന്നും എന്നാൽ ആരെയും അതിനായി നിർബന്ധിക്കരുതെന്നതാണ് നെഹ്റുവിന്റെ കാലം മുതലുള്ള കോൺഗ്രസ് നയമെന്നും മുനീർ വ്യക്തമാക്കി.
