40ഓളം കേസുകളിൽ പ്രതി; കൊടും ക്രിമിനല്‍ ജംബുലിംഗം സുരേഷ് പിടിയില്‍
ബാലരാമപുരത്ത് 40ഓളം കേസുകളിൽ പ്രതിയായ കൊടും ക്രിമിനൽ ജംബുലിംഗം സുരേഷ് പിടിയിൽ. ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി ബാലരാമപുരം പൊലീസ് നടത്തിയ സാഹസിക നീക്കത്തിലാണ് ഇയാൾ പിടിയിലായത്. പൊലീസിനെ കണ്ട് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച സുരേഷിനെ പിന്തുടർന്നാണ് പിടികൂടിയത്.
മരക്കൊമ്പുകളില്‍ താല്‍ക്കാലികമായി വീടൊരുക്കിയായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. വീടിന് സമീപത്തെ യുവതിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിന്റെ അന്വേഷണമാണ് ഇയാളിലേക്കെത്തിയത്.
12 വർഷത്തെ ശിക്ഷ പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശേഷം സുരേഷ് വീണ്ടും ഗുണ്ടാസംഘം രൂപീകരിച്ച് പിടിച്ചുപറി ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. സമീപത്തെ പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തുകയും മാലയടക്കമുള്ളവ മോഷ്ടിച്ച് കടന്നുകളയുകയും ചെയ്തതായും പരാതിയുണ്ട്.
ഇയാൾ പണി പൂർത്തിയാകാത്ത ഒരു വീട്ടിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബാലരാമപുരം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ രണ്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
