പ്രകോപനപരമായ മുദ്രാവാക്യങ്ങൾക്കെതിരെ നടപടി;ഇടുക്കി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു

  1. Home
  2. Kerala

പ്രകോപനപരമായ മുദ്രാവാക്യങ്ങൾക്കെതിരെ നടപടി;ഇടുക്കി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു

image


ഇടുക്കി തൊടുപുഴയിൽ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവത്തെ തുടർന്ന് ഇടുക്കി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും വിരുദ്ധമായ പ്രവർത്തനങ്ങളാണ് നടപടിക്ക് കാരണമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്താക്കുറിപ്പിലൂടെ സസ്‌പെൻഷൻ വിവരം അറിയിച്ചു. തൊടുപുഴയിൽ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് നടന്ന പ്രകടനത്തിൽ ഉപയോഗിച്ച മുദ്രാവാക്യങ്ങൾ പാർട്ടിയുടെ പാരമ്പര്യത്തിനും നിലപാടുകൾക്കും യോജിച്ചതല്ലെന്നും അതിനെ പാർട്ടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് തൊടുപുഴയിൽ മുസ്ലിം ലീഗിന്റെ പേരിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി തള്ളിക്കളയുന്നതായും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. ആഹ്ലാദ പ്രകടനങ്ങൾ അതിര് കടക്കരുത് എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ തന്നെ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയതാണ്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ആരായാലും പാർട്ടി അംഗീകരിക്കില്ല. പ്രകടനം നടത്തിയവർ ആരൊക്കെയാണെന്ന് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും പി.എം.എ സലാം അറിയിച്ചു.