വിവാദ നിയമനത്തിന് പിന്നാലെ നടപടി; നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാരെ മാറ്റി
നിയമന വിവാദത്തിന് പിന്നാലെ തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെയും പാറശ്ശാല താലൂക്ക് ആശുപത്രിയിലെയും സൂപ്രണ്ടുമാരെ മാറ്റി ആരോഗ്യവകുപ്പ്. ഡോ. വിനീത് വി.എൻ ആണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ പുതിയ സൂപ്രണ്ട്. ഡോ. ലിപ്സി പോളിനെ പാറശ്ശാല താലൂക്ക് ആശുപത്രി സൂപ്രണ്ടായും നിയമിച്ചു. ഭരണസൗകര്യം കണക്കിലെടുത്താണ് സ്ഥലംമാറ്റമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
തമിഴ്നാട്ടിലെ വിളവങ്കോട് എം.എൽ.എ ടി.ടി. പ്രവീണിന്റെ സഹോദരി ഡോ. പ്യാരിയെ നെയ്യാറ്റിൻകര ആശുപത്രി സൂപ്രണ്ടായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ. പ്യാരിയെ നിയമന മാനദണ്ഡങ്ങൾ മറികടന്ന് സ്വന്തം നാട്ടിൽ നിയമിച്ചെന്നായിരുന്നു പ്രധാന ആരോപണം. നിയമനത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആക്ഷേപവും ഉയർന്നിരുന്നു. വിവാദങ്ങൾക്കിടെയാണ് ഇരുആശുപത്രികളിലെയും സൂപ്രണ്ടുമാരെ മാറ്റിയുള്ള ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്.
