മുഖ്യമന്ത്രിയെ വിമർശിച്ചതിൽ നടപടി; കോൺഗ്രസ് വക്താക്കൾക്ക് കടുത്ത നിയന്ത്രണവുമായി കെപിസിസി
കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ പാർട്ടി വക്താക്കൾക്കും മാധ്യമ പാനലിസ്റ്റുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെപിസിസി. വക്താക്കൾ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തരുതെന്നും, എന്തെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവ പാർട്ടി വേദികളിൽ മാത്രമേ ഉന്നയിക്കാവൂ എന്നും കെപിസിസി ഔദ്യോഗികമായി നിർദേശം നൽകി. കോൺഗ്രസ് വക്താക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സ്ഥിതി രൂക്ഷമായതോടെയാണ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ചില വക്താക്കൾ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് കെപിസിസി ഈ കർശന നിർദേശം പുറപ്പെടുവിച്ചത്.
ആർഎസ്എസ് പശ്ചാത്തലമുള്ള വ്യക്തിയെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പാർട്ടി വക്താക്കൾ തന്നെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പരോക്ഷ വിമർശനമുന്നയിച്ച കെപിസിസി വക്താവ് ജിന്റോ ജോൺ, അനൂപ് വി.ആർ. എന്നിവരെ പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന് സതീശൻ അനുകൂല വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസി പ്രസിഡന്റിനും മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും ഔദ്യോഗികമായി പരാതി നൽകി. മുഖ്യമന്ത്രിയെ പരസ്യമായി ആക്ഷേപിക്കുന്നവർ വക്താക്കളായി തുടരുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് പരാതിയിലെ പ്രധാന വിമർശനം.
അതേസമയം, ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തെ തുടർന്ന് മുഖ്യമന്ത്രിയും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടരുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിനായി കെഎസ്‌യു പ്രസിഡന്റ് ഉടൻ തന്നെ സമയം ആവശ്യപ്പെട്ട് കത്ത് നൽകും. പരസ്യ പ്രതിഷേധങ്ങളിൽ നിന്ന് തൽക്കാലം പിന്മാറണമെന്ന് കെപിസിസി നേതൃത്വം നിർദേശിച്ചതിനെ തുടർന്ന്, വിഷയത്തിൽ കെഎസ്‌യു നേതാക്കൾ ആരും തന്നെ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് അലോഷ്യസ് സേവ്യർ നിർദേശം നൽകിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ ഈ ചേരിപ്പോരിനെതിരെ മുതിർന്ന നേതാക്കൾക്കിടയിൽ അതൃപ്തി ശക്തമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി വിളിച്ചുചേർക്കണമെന്ന ആവശ്യവും കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ മുന്നോട്ടുവെക്കുന്നുണ്ട്.
