നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു
പ്രശസ്ത നടനും നാടകപ്രവർത്തകനുമായ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.നാടകരംഗത്ത് നാല് പതിറ്റാണ്ടോളം സജീവമായി പ്രവർത്തിച്ചു .'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ സാന്നിധ്യമായിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും പരിപാടിയിൽ പടവലം കുട്ടൻപിള്ളയുടെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.
സ്കൂൾ നാടകത്തിലൂടെയാണ് കലാരംഗത്തേക്ക് ചുവട് വച്ചത്. കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആർട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
