നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയിൽ തടസ ഹർജി നൽകി അഭിഭാഷകൻ

  1. Home
  2. Kerala

നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയിൽ തടസ ഹർജി നൽകി അഭിഭാഷകൻ

sidhiq


ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയിൽ വീണ്ടും തടസ ഹർജി. അഭിഭാഷകൻ അജീഷ് കളത്തിലാണ് തടസഹർജി നൽകിയത്. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട്  ദേശീയ വനിതാ കമ്മീഷനടക്കം പരാതി നൽകിയ വ്യക്തിയാണ് അജീഷ്. അതേസമയം, ബലാത്സംഗ കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർജാമ്യപേക്ഷയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് മുൻ സുപ്രീം കോടതി വിധികൾക്കെതിരാണെന്നും സിദ്ദിഖ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സിനിമസംഘടനകൾ തമ്മിലുള്ള ചേരിപ്പോരാണ് കേസിന് കാരണമെന്നും സിദ്ദിഖ് വാദിക്കുന്നു. 154 പേജുള്ള സിദ്ദിഖിന്റെ ജ്യാമാപേക്ഷയിൽ നിലനിൽക്കാത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടിയെന്നാണ് പ്രധാനവാദം. ഹൈക്കോടതി നടപടി മുൻ സുപ്രീം കോടതി വിധികൾക്കെതിരാണ്. അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താൻ. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ല. ലൈംഗിക ബന്ധം ഇല്ലാത്തതിനാൽ ബലാത്സംഗമല്ലെന്ന് താൻ വാദിച്ചിട്ടില്ല. താൻ വാദിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. പരാതിക്കാരിയുടെ പരസ്പര വിരുദ്ധമായ ആരോപണങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ല. അതിജീവിതയ്ക്ക് തന്നിൽ നിന്ന് ഭീഷണിയുണ്ടെന്ന വാദത്തിന് തെളിവുകളില്ല. ഭയം കൊണ്ടാണ് പരാതി നൽകാത്തത് എന്ന വാദവും നിലനിൽക്കില്ല. പരാതിക്കാരി സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് ഹർജിയിൽ പറയുന്നു.