നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും; നിയമപോരാട്ടത്തിന് ധനസമാഹരണം ആരംഭിച്ചു
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയിൽ അപ്പീൽ നൽകും. കേസിന്റെ തുടർനടപടികൾക്കായി ധനസമാഹരണം ആരംഭിച്ചതായി റിപ്പോർട്ട്. കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന 'അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്' പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ ക്ഷണിച്ചു.
ഉന്നത കോടതികളിൽ നീതി തേടേണ്ട സാഹചര്യത്തിൽ വലിയ ചെലവ് ആവശ്യമായി വരുമെന്ന് ട്രസ്റ്റ് വ്യക്തമാക്കുന്നു. വിചാരണക്കോടതി വിധിയിൽ ഗുരുതരമായ നീതി നിഷേധം സംഭവിച്ചുവെന്ന നിലപാടിലാണ് നിയമസംഘം. അതിന്റെ അടിസ്ഥാനത്തിലാണ് അപ്പീൽ നടപടികളിലേക്ക് കടക്കുന്നത്.ഹൈക്കോടതിയിൽ സമർപ്പിക്കുന്ന ഹർജിയിൽ അതിജീവിതയ്ക്കായി സുപ്രീംകോടതി മുതിർന്ന അഭിഭാഷക അഡ്വ. വൃന്ദാ ഗ്രോവർ ഹാജരാകും. അഡ്വ. ഭദ്രകുമാരി, അഡ്വ. സന്ധ്യ എന്നിവർ ഉൾപ്പെട്ട നിയമസംഘം അവരോടൊപ്പം പ്രവർത്തിക്കും.കേസിന്റെ അടുത്ത ഘട്ടത്തിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ് വിഷയമെത്തുന്നത്.
