നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
ചലച്ചിത്ര-നാടക മേഖലകളിലെ പ്രമുഖ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. നാടക രംഗത്ത് നാല് പതിറ്റാണ്ടിലേറെ സജീവമായിരുന്ന അവർ, 2018-ൽ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മയുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര ആസ്വാദകർക്ക് പ്രിയങ്കരിയായത്. അഭിനയ മികവിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കെ.ടി. മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ പ്രമുഖ നാടക സമിതികളുടെ ആയിരക്കണക്കിന് വേദികളിൽ ശക്തമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു. 1977-ലും 1993-ലും മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.
എം.ടി. വാസുദേവൻ നായരുടെ ‘കടവ്’ എന്ന ചിത്രത്തിൽ അമ്മ വേഷം അവതരിപ്പിച്ചാണ് സാവിത്രി ശ്രീധരൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട, പപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 'സുഡാനി ഫ്രം നൈജീരിയ'യിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും 66-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശവും ലഭിച്ചിരുന്നു.
