നടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസ്: ഡോ. ജോൺസൺ കെ. വർഗീസിനെതിരെ ലുക്കൗട്ട് സർക്കുലർ
പീഡനക്കേസിൽ പ്രതിയായ കൊച്ചിയിലെ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. യുവനടിയുടെ ബന്ധു നൽകിയ പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിലാണ്. പ്രതി വിദേശത്തേക്ക് കടന്നതായാണ് പോലീസിന്റെ നിഗമനം.
അതിനിടെ, ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽ ഫോണിൽ നിന്ന് ഒട്ടേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. ഏകദേശം 12 യുവതികളുടെ ദൃശ്യങ്ങളാണ് ഫോണിലുള്ളത്. ഇതിൽ ഉൾപ്പെട്ട യുവതികളിൽ നിന്ന് പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
യുവനടിയും സുഹൃത്തായ നടനും ഉൾപ്പെടുന്ന സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്നെന്ന് നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. ഇതിൽ നടിയും സുഹൃത്തും ഉൾപ്പെടെ മൂന്നുപേരെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഡോക്ടറുടെ ഫോണിലുള്ള ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയതെന്നും തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് നടിയുടെ മൊഴി. ഈ ഫോൺ പരിശോധിച്ചപ്പോഴാണ് മറ്റു യുവതികളുടെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചത്.
