മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല; ഡോ. വി. മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടർ
മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി സർക്കാർ. ഐഎഎസ് ഉദ്യോഗസ്ഥരായ എന്‍ പ്രശാന്തിനും ബി അശോകിനും അജിത്ത് ഭഗവത് റാവുവിനുമാണ് അധിക ചുമതല നൽകിയത്. ബി അശോകിന് പൊതുഭരണ വകുപ്പിന്റെയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റെയും അജിത്ത് ഭഗവത് റാവുവിന് കിഫ്ബി സി ഇ ഒ ചുമതലയാണ് അധികമായി നല്‍കിയത്.
അതേസമയം, ഡോ. വി. മീനാക്ഷിയെ ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിൽ താൽക്കാലിക ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മീനാക്ഷിയെ സ്ഥിരം ഡയറക്ടറായി നിയമിച്ചത് സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഡയറക്ടർ സ്ഥാനത്തേക്ക് ശുപാർശ നൽകിയത്.
ആരോഗ്യ മന്ത്രിയായി കെ. മുരളീധരൻ ചുമതലയേറ്റതിന് പിന്നാലെ മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ മാറ്റിയിരുന്നു. നടപടി ചോദ്യം ചെയ്ത് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. തുടർന്ന് മീനാക്ഷിയും റീനയും തമ്മിൽ ഡയറക്ടർ സ്ഥാനത്തെച്ചൊല്ലി തർക്കമുണ്ടായി. പിന്നീട് ഹൈക്കോടതി സർക്കാരിന് അനുകൂലമായി ഉത്തരവിട്ടതോടെയാണ് മീനാക്ഷി താൽക്കാലിക ഡയറക്ടറായി തുടരുന്നത്.
