അസ്ഫാക് മറ്റുനിരവധി കേസുകളിലും പ്രതി; അത്തരക്കാരെ നിരീക്ഷിക്കാൻ രാജ്യത്ത് സംവിധാനം വേണമെന്ന് എ.ഡി.ജി.പി

  1. Home
  2. Kerala

അസ്ഫാക് മറ്റുനിരവധി കേസുകളിലും പ്രതി; അത്തരക്കാരെ നിരീക്ഷിക്കാൻ രാജ്യത്ത് സംവിധാനം വേണമെന്ന് എ.ഡി.ജി.പി

ASFAK


അപൂർവങ്ങളിൽ അപൂർവമായ കേസാണ് ആലുവയിലേതെന്നും അത് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞതിനാലാണ് പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചതെന്നും എ.ഡി.ജി.പി എം.ആർ അജിത് കുമാർ. അസ്ഫാക് മറ്റുനിരവധി കേസുകളിലും പ്രതിയായാണ്. അതിനാൽ ഇത്തരം കുറ്റവാളികൾ വീണ്ടും കേസിൽപെടുമ്പോൾ അവരെ പെട്ടെന്നു തിരിച്ചറിയാനും കണ്ടെത്താനുമുള്ള സംവിധാനം രാജ്യത്തുണ്ടാകണമെന്നും അജിത് കുമാർ പറഞ്ഞു. കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഇത്. കേരളത്തിൽ സാധാരണ കാണാത്ത രീതിയിലുള്ള കുറ്റകൃത്യമാണ് നടന്നത്. ഇരയും പ്രതിയുമെല്ലാം അന്യസംസ്ഥാനത്തുനിന്നും ജോലി ചെയ്യാൻവന്ന ആളുകളാണ്. ഈ കേസ് റിപ്പോർട്ട് ചെയ്തതുവഴി സമ്മൂഹത്തിൽ കുട്ടികൾക്കെതിരെ ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കാമെന്ന അറിവാണ് ആദ്യം ഉണ്ടായത്. തിരിച്ചറിയാൻ സാധിക്കാതിരുന്ന പ്രതിയെ കേസ് റിപ്പോർട്ട് ചെയ്ത് ഏതാണ്ട് ആറു മണിക്കൂറിനുള്ളിൽ പിടികൂടാനായി. ഇല്ലെങ്കിൽ പ്രതിയെ പിടികൂടാൻ കഴിയുമായിരുന്നില്ല. പ്രതിയെ പിടികൂടാൻ ഏറ്റവും അധികം സഹായിച്ചത് അവിടെയുള്ള നാട്ടുകാരാണ്' അജിത് കുമാർ

ഡൽഹി, പശ്ചിമ ബംഗാൾ, ബിഹാർ, യുപി എന്നിവിടങ്ങളിൽ പോയി അവിടത്തെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. ശാസ്ത്രീയമായ എല്ലാ തെളിവുകൾ ശേഖരിച്ചിരുന്നു. പോക്സോ കേസുകളിൽ എങ്ങനെ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതുപോലെ വളരെ കൃത്യമായി, അധിക സമയമിരുന്നാണ് കോടതി വാദം പൂർത്തിയാക്കിയത്. ഇത് നീതിന്യായ വ്യവസ്ഥയുടെ ശക്തിയാണ് കാണിക്കുന്നത്. 30 ദിവസത്തിനുള്ളിൽ കേസ് അന്വേഷിച്ചു, 60-ാം ദിവസം വിചാരണ പൂർത്തിയാക്കി. 100-ാം ദിവസം വിധി പറഞ്ഞു. 110-ാം ദിവസം ശിക്ഷ വിധിച്ചെന്നും അജിത് കുമാർ പറഞ്ഞു.