വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ തള്ളി; തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കോടതി
പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ പൂവച്ചൽ പുളിങ്കോട് സ്വദേശി പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് അപേക്ഷ തള്ളിയത്. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുള്ളതിനാലും, അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലുമാണ് കോടതി ജാമ്യം നിഷേധിച്ചത്. ഈ മാസം 12ന് പ്രിയരഞ്ജനെ റിമാൻഡ് ചെയ്തിരുന്നു.
തന്റെ കക്ഷി നിരപരാധിയാണെന്നും ജാമ്യത്തിനായി എന്തു നിബന്ധനവച്ചാലും അംഗീകരിക്കുമെന്നും പ്രതിക്കായി ഹാജരായ അഭിഭാഷകൻ മടവൂർപ്പാറ ജി.ആർ.രാജീവ് കുമാർ കോടതിയിൽ പറഞ്ഞു. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു.
ആഗസ്റ്റ് 30ന് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുളിങ്കോട് ‘അരുണോദയ’ത്തിൽ ആദിശേഖർ ആണ് മരിച്ചത്. ആദ്യം അപകടമരണമെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനപൂര്‍വം വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്ന് മനസിലായി. സംഭവത്തിനുശേഷം കാർ ഉപേക്ഷിച്ച് നാടുവിട്ട പ്രതിയെ തമിഴ്നാട്ടിൽ വെച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്.