അഭിഭാഷക എ.കെ. പ്രീത കേരള ഹൈക്കോടതി ജഡ്ജി; വിജ്ഞാപനമിറക്കി

  1. Home
  2. Kerala

അഭിഭാഷക എ.കെ. പ്രീത കേരള ഹൈക്കോടതി ജഡ്ജി; വിജ്ഞാപനമിറക്കി

a k preetha


അഭിഭാഷക എ.കെ. പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. ഇതുസംബന്ധിച്ച സുപ്രീം കോടതി കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതിനെ തുടർന്ന് കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനമിറക്കി. അഡീഷണൽ ജഡ്ജിയായാണ് നിയമനം.

കേരള ഹൈക്കോടതിയിൽ മൂന്ന് പതിറ്റാണ്ടോളം അഭിഭാഷകയായി പ്രവർത്തിച്ചിട്ടുള്ള എ.കെ. പ്രീത, നിരവധി സുപ്രധാന കേസുകളിൽ ശ്രദ്ധേയമായ വാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മെഡിക്കൽ റെക്കോർഡുകൾ രോഗിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ച കേസിൽ ഹാജരായത് പ്രീതയായിരുന്നു. പിങ്ക് പോലീസ് കേസ്, തോട്ടം തൊഴിലാളികളുടെ നിർവചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിധികളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു. കൂടാതെ, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ 'റെഡി ടു വെയ്റ്റ്' (Ready to Wait) എന്ന സംഘടനയ്ക്ക് വേണ്ടിയും അവർ കോടതിയിൽ ഹാജരായിട്ടുണ്ട്.

ഹൈക്കോടതി മുൻ ജഡ്ജി എം. രാമചന്ദ്രന്റെ ജൂനിയറായാണ് അവർ പ്രാക്ടീസ് ആരംഭിച്ചത്. ഭരണഘടന, തൊഴിൽ, സർവീസ് നിയമങ്ങളിൽ അഗാധമായ അറിവുള്ള പ്രീത, 1996-ൽ തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നാണ് നിയമബിരുദം പൂർത്തിയാക്കിയത്. 1997 മുതൽ ഹൈക്കോടതിയിൽ സജീവമായി പ്രവർത്തിച്ചുവരികയാണ്. എ.കെ. പ്രീതയുടെ കടന്നുവരവോടെ ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും.