അഹമ്മദാബാദ് വിമാനാപകടം: മരിച്ച രഞ്ജിതയെതിരെ അശ്ലീല കമന്റ്; ഡെപ്യൂട്ടി തഹസീൽദാറെ പിരിച്ചുവിടാൻ ശുപാർശ

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി. നായറിനെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീലവും ജാതിവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് കാസർഗോഡ് ജില്ലയിലെ ഡെപ്യൂട്ടി തഹസീൽദാറായ പവിത്രനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ജില്ലാ ഭരണകൂടം ശുപാർശ ചെയ്തു.
വെള്ളരിക്കുണ്ട് താലൂക്കിൽ സേവനമനുഷ്ഠിച്ചിരുന്ന പവിത്രനെതിരെയാണ് നടപടി .
ജാതീയമായ പരാമർശങ്ങളും അശ്ലീല പരാമർശങ്ങളും നടത്തിയാണ് ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ രഞ്ജിതയെ അപമാനിച്ചത്. ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ആദ്യം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ഇയാൾ പിന്നീട് അശ്ലീല പരാമർശങ്ങൾ കമന്റുകളായി ഇടുകയായിരുന്നു. വിമാന ദുരന്തത്തിൽ അനുശോചിക്കുന്നുവെന്ന പേരിലാണ് ഇയാൾ പോസ്റ്റിട്ടത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകളുയർത്തി സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് സർക്കാർ നടപടിയെടുത്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ റവന്യൂ മന്ത്രി കെ. രാജൻ ഉടൻ തന്നെ ഇയാളെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. പിന്നീട് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പൂർണമായി സർവീസിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിയിലേക്ക് കടക്കുന്നത്.
ഇയാളെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം ഇയാളെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.മുൻ മന്ത്രി ഇ. ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ ഇയാൾക്ക് നേരെ നേരത്തെ നടപടി എടുത്തിരുന്നതായും വിവരമുണ്ട്