അഹമ്മദാബാദ് വിമാന അപകടം:രഞ്ജിതയെ അപമാനിച്ച പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിർദ്ദേശം നൽകി റവന്യൂ മന്ത്രി കെ രാജൻ

അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് എ പവിത്രനെതിരെ കടുത്ത നടപടിയിലേക്ക് സർക്കാർ . സംഭവത്തിൽ ശിക്ഷ നടപടികൾ ആരംഭിക്കുവാൻ ലാന്റ് റവന്യൂ കമ്മിഷണർക്ക് റവന്യൂ മന്ത്രി കെ രാജൻ നിർദ്ദേശം നൽകി.
വിമാന അപകടത്തിൽ അനുശോചിച്ച് മറ്റൊരാൾ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാൾ രഞ്ജിതയെ അപമാനിക്കുന്ന വിധത്തിൽ കമൻറുകൾ രേഖപ്പെടുത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടയുടനെ തന്നെ റവന്യൂ മന്ത്രി കെ രാജൻ പവിത്രനെ സസ്‌പെന്റ് ചെയ്യുവാൻ ഉത്തരവിടുകയായിരുന്നു. അന്വേഷണ വിധേയമായാണ് സസ്‌പെന്റ് ചെയ്തിരുന്നത്. തുടർന്നാണ് ഇപ്പോൾ മറ്റു നടപടിയിലേക്ക് കടക്കുന്നത് .
ഡെപ്യൂട്ടി തഹസിൽദാറെ സർവീസിൽ നിന്ന് പിരിച്ചുവിടാനടക്കം ശിപാർശയുണ്ടായിരുന്നു. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖരൻ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് നടപടി ഏറ്റുവാങ്ങിയ ആളാണ് പവിത്രൻ. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് പവിത്രൻ ജോലിയിൽ തിരികെ കയറിയത്. പിന്നാലെയാണ് രഞ്ജിതക്കെതിരെ അശ്ലീല ചുവയോടെയുള്ള കമന്റ് പങ്കുവച്ചത്.