പിഎസ്‌സി ബുള്ളറ്റിനിൽ ആകാശ് തില്ലങ്കേരിയുടെ ചിത്രം; നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

  1. Home
  2. Kerala

പിഎസ്‌സി ബുള്ളറ്റിനിൽ ആകാശ് തില്ലങ്കേരിയുടെ ചിത്രം; നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

AKASH THILLENKERI


ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം ഔദ്യോഗിക ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയ പിഎസ്‌സി നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാര ജേതാവെന്ന നിലയിലാണ് കൊലക്കേസ് പ്രതിയുടെ ഫോട്ടോ സർക്കാർ പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്നത്. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ മുഖ്യമന്ത്രിയെ സമീപിച്ചു.

മേയ് 15-ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിനിലാണ് ഉദ്യോഗാർത്ഥികളെപ്പോലും ഞെട്ടിച്ച ഗുരുതര വീഴ്ചയുണ്ടായത്. ഫിലിം ക്രിട്ടിക്‌സ് അവാർഡ് ജേതാക്കളായ മോഹൻലാൽ, കല്യാണി പ്രിയദർശൻ, അനശ്വറ രാജൻ, ഡൊമിനിക് അരുൺ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ആകാശും ഇടംപിടിച്ചത്. മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് തില്ലങ്കേരിയുടെ പേരിനൊപ്പമാണ് പ്രതിയുടെ ഫോട്ടോ അച്ചടിച്ചത്. സംഭവം രാഷ്ട്രീയ വിവാദമായതോടെ അധികൃതർ ഓൺലൈൻ പതിപ്പിൽ നിന്നും ഈ ചിത്രം അടിയന്തരമായി നീക്കം ചെയ്തു.

പേരിലെ സാമ്യം കൊണ്ട് മാത്രം സംഭവിച്ചൊരു പിഴവായി ഇതിനെ കാണാൻ കഴിയില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആക്ഷേപം. പിഎസ്‌സിയിലെ ചില ഇടതുപക്ഷ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരുടെ ബോധപൂർവ്വമായ ഇടപെടൽ ഇതിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കണമെന്നും, പ്രതിയെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.