ആലപ്പുഴ കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ആലപ്പുഴ കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാടപ്പുരയ്ക്കൽ പടീറ്റതിൽ വാടകയ്ക്ക് താമസിക്കുന്ന ശിവൻകുട്ടി (67) ആണ് മരിച്ചത്. കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യയും കുടുംബാംഗങ്ങളും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. അതിനാൽ സംഭവസമയത്ത് വീട്ടിൽ ശിവൻകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്.
തിങ്കളാഴ്ച രാവിലെ ചെറുമകൾ വീട്ടിലെത്തി പലതവണ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. നാട്ടുകാർ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ശിവൻകുട്ടിയുടെ ദേഹത്തുണ്ടായിരുന്നതും വീട്ടിൽ സൂക്ഷിച്ചിരുന്നതുമായ ആറുപവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. മോഷണത്തിനിടെ ഉണ്ടായ പ്രതിരോധത്തിനിടെയാകാം കൊലപാതകമെന്നാണ് പൊലീസിന്റെ സംശയം. ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
