സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ; റോഡപകടത്തിൽ മരണപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും
രണ്ടുമാസം മുമ്പുള്ള റോഡപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞ് 5 പേർക്ക് പുതുജീവനേകും.10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ 5 പേർക്ക് പുതുജീവനേകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിൻ ഷെറിൻ.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30-ഓടെ എംസി റോഡിൽ പള്ളം ബോർമ കവല ജങ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.
വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയിൽ നിന്നും റോഡ് മാർഗം അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുമെന്നും തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി മാതാപിതാക്കൾ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. ആലിൻ ഷെറിന്റെ 2 വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നൽകും.
