അർജുൻ ആയങ്കിയെ പിടികൂടാൻ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിരുന്നു: കണ്ണൂർ റേഞ്ച് ഡിഐജി
ആഭ്യന്തരമന്ത്രിക്കും പൊലീസിനെതിരെ ഭീഷണി മുഴക്കിയതടക്കമുള്ള കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പിടികൂടാൻ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും വ്യക്തമായ നിർദേശം നൽകിയിരുന്നുവെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്. സിസ്റ്റത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അർജുൻ ആയങ്കിയെ പിടികൂടാൻ സംസ്ഥാനത്തെ പൊലീസ് സംവിധാനമാകെ ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്ന് ഡിഐജി വ്യക്തമാക്കി. പൊലീസിനെ വെല്ലുവിളിക്കുന്ന പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അർജുൻ ആയങ്കി ഒളിവിൽ കഴിയാൻ സഹായിച്ചവരെയും ഒത്താശ ചെയ്തവരെയും കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്. ഇവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഡിഐജി കെ. കാർത്തിക് വ്യക്തമാക്കി.
