എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ; ആരോഗ്യവകുപ്പിന്റെ പുതിയ വെബ് പോർട്ടൽ സജ്ജം

  1. Home
  2. Kerala

എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ; ആരോഗ്യവകുപ്പിന്റെ പുതിയ വെബ് പോർട്ടൽ സജ്ജം

kerala health


സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിനായി പുതിയ ഔദ്യോഗിക വെബ് പോർട്ടൽ യാഥാർത്ഥ്യമായി. ആരോഗ്യ വകുപ്പിന് കീഴിലുള്ള പത്ത് വകുപ്പുകളെയും മുപ്പതോളം സ്ഥാപനങ്ങളെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്നാണ് ഈ പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പോർട്ടലിന്റെ ലോഞ്ചിംഗ് നിർവഹിച്ചു. health.kerala.gov.in എന്നതാണ് പുതിയ പോർട്ടലിന്റെ വിലാസം. കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് (C-DIT) ആണ് അത്യാധുനിക സൗകര്യങ്ങളോടെ ഈ പോർട്ടൽ നിർമ്മിച്ചത്.

ആരോഗ്യ മേഖലയിലെ ആധികാരിക വിവരങ്ങൾ, സർക്കാർ അറിയിപ്പുകൾ, വിവിധ പദ്ധതികൾ എന്നിവ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ ലോകമെമ്പാടുമുള്ള ഗവേഷകരിലും പൊതുജനങ്ങളിലും എത്തിക്കാനും ഇത് സഹായിക്കും. പോർട്ടലിലെ ഡയനാമിക് ഡാഷ്ബോർഡിൽ ജനസംഖ്യാ പരിവർത്തനം സംബന്ധിച്ച ഗ്രാഫുകളും കൃത്യമായ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ആരോഗ്യ മേഖലയിലെ മാറ്റങ്ങൾ എളുപ്പത്തിൽ വിശകലനം ചെയ്യാൻ ഉപകരിക്കും.

ആരോഗ്യ സംബന്ധമായ നിയമങ്ങൾ, സർക്കാർ ഉത്തരവുകൾ, ചികിത്സാ മാർഗനിർദ്ദേശങ്ങൾ എന്നിവയും പോർട്ടലിൽ ലഭ്യമാണ്. വിവരങ്ങൾക്ക് പുറമെ, പൊതുജനാരോഗ്യ ബോധവൽക്കരണത്തിനായുള്ള പോസ്റ്ററുകൾ, വീഡിയോകൾ എന്നിവയും വെബ്സൈറ്റിൽ ക്രമീകരിച്ചിട്ടുണ്ട്. സാധാരണക്കാർക്കും ഗവേഷകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് പോർട്ടലിന്റെ രൂപകൽപ്പനയെന്ന് മന്ത്രി വ്യക്തമാക്കി. പത്ത് വകുപ്പുകളുടെയും വെബ്സൈറ്റുകൾ ഇതിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇനി വിവരങ്ങൾക്കായി വിവിധ സൈറ്റുകൾ തിരയേണ്ടി വരില്ല.