പി വി അൻവറിന്‍റെ സോളാർ കേസിലെ ആരോപണം; പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാൽ, 'സർക്കാരിന്റെ കയ്യിലുള്ള വിവരങ്ങൾ ഉപയോഗിച്ച് അന്വേഷിക്കട്ടെ'

  1. Home
  2. Kerala

പി വി അൻവറിന്‍റെ സോളാർ കേസിലെ ആരോപണം; പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാൽ, 'സർക്കാരിന്റെ കയ്യിലുള്ള വിവരങ്ങൾ ഉപയോഗിച്ച് അന്വേഷിക്കട്ടെ'

kc


തനിക്കെതിരായ പി വി അൻവറിന്‍റെ സോളാർ കേസിലെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാലിന്‍റെ മറുപടി. സോളാർ കേസിൽ സർക്കാരിന്റെ കയ്യിലുള്ള വിവരങ്ങൾ ഉപയോഗിച്ച് അന്വേഷിക്കട്ടെയെന്നും തന്‍റെ പേരിലുള്ള കേസ് അഞ്ച് കൊല്ലം കേരള പൊലീസ് അന്വേഷിച്ചെന്നും നാല് കൊല്ലം സി ബി ഐ അന്വേഷിച്ചെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി ചൂണ്ടികാട്ടി. കേസ് കോടതി മുൻപാകെ വന്നല്ലോയെന്നും താനാരെയും ഭയപ്പെടുന്നില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം ആരോപണവിധേയരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവും കെ സി വേണുഗോപാല്‍ നടത്തി. അന്‍വറിന്റെ ആരോപണം ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, എഡിജിപി എന്നിവര്‍ക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമാണ്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്തിനാണ് എന്ന് ചോദിച്ച കെ.സി.വേണുഗോപാല്‍ ഫോണ്‍ ചോര്‍ത്തല്‍ രാഷ്ട്രീയ അനുവാദം ഇല്ലാതെ നടക്കില്ലെന്നും കെ സി ചൂണ്ടിക്കാട്ടി.

സ്വര്‍ണ്ണക്കടത്ത്, ഫോണ്‍ചോര്‍ത്തല്‍, കൊലപാതകം ഇതിലെല്ലാം ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്റെ പങ്കാണ് ഭരണകക്ഷി എംഎല്‍എ ആരോപിക്കുന്നത്. അയാളെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സഹായിക്കുന്നെന്നും എംഎല്‍എ പറയുന്നു. ഇത് ഗൗരവകരമായ ആരോപണമാണ്. ഇത്രയും ആരോപണവിധേയനായ ഉദ്യോഗസ്ഥനെ എന്തിനാണ് സര്‍വീസില്‍ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്. എന്തുകൊണ്ട് നടപടിയെടുക്കാതെ സംരക്ഷിക്കുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ചോര്‍ത്തല്‍ ഉന്നത രാഷ്ട്രീയ അനുമതിയില്ലാതെ നടക്കുമോ? ഈ ആരോപണം വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിക്കെതിരെയാണ്. ആഭ്യന്തരവകുപ്പിന്റെ പരാജയം ചൂണ്ടിക്കാണിക്കുന്ന ആരോപണം കൂടിയാണിതെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.