പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപണം; ജാൻമണിക്കെതിരെ മഹിളാമോർച്ച പരാതി നൽകി

  1. Home
  2. Kerala

പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപണം; ജാൻമണിക്കെതിരെ മഹിളാമോർച്ച പരാതി നൽകി

image


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് ആരോപിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ മഹിളാമോർച്ച പൊലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലിക്ക് മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസാണ് പരാതി നൽകിയത്.ജാൻമണിയുടെ പരാമർശം പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതാണെന്ന് നവ്യ ഹരിദാസ് ആരോപിച്ചു. സംഭവത്തിൽ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും നാളെ പരാതി നൽകാനാണ് മഹിളാമോർച്ചയുടെ തീരുമാനം.

പരാമർശം ഭാഷാപരമായ പിഴവല്ലെന്നും ബോധപൂർവമായ അധിക്ഷേപമാണെന്നും പരാതിയിൽ പറയുന്നു. ജാൻമണി പിന്നീട് നടത്തിയ മാപ്പുപറച്ചിൽ അംഗീകരിക്കാനാകില്ലെന്നും തെറ്റ് ചെയ്തതിന് ശേഷം ക്ഷമാപണം നടത്തിയാൽ വിഷയം അവസാനിക്കുന്നില്ലെന്നുമാണ് മഹിളാമോർച്ചയുടെ നിലപാട്.

ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ജാൻമണിയുടെ വിവാദ പരാമർശം. പ്രധാമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. എന്നാല്‍ പലയിടങ്ങളില്‍ നിന്നും ഭീഷണി കോളുകള്‍ വന്നതിനെ തുടര്‍ന്ന് ജാന്‍മണി മാപ്പ് പറയുകയായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാന്‍മണി ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.മലയാളം സംസാരിക്കുന്നതിലെ പരിമിതി കൊണ്ടാകാം തെറ്റിദ്ധാരണ ഉണ്ടായതെന്നും, മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു പരാമർശമെന്നും ജാൻമണി ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പറഞ്ഞു.