സ്ഥാനംമാറി ശസ്ത്രക്രിയ നടത്തിയെന്ന് ആരോപണം; യുവാവിന്റെ മരണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി

  1. Home
  2. Kerala

സ്ഥാനംമാറി ശസ്ത്രക്രിയ നടത്തിയെന്ന് ആരോപണം; യുവാവിന്റെ മരണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി

kozhikkode medical college


യുവാവിന്റെ മരണത്തിന് കാരണം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവെന്ന് കുടുംബം. നാദാപുരം വാണിമേൽ സ്വദേശി റീജിത്താണ് ഇന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത് .വൃക്കയിലെ കല്ല് നീക്കാൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച റീജിത്തിന് ആദ്യം സ്ഥാനംമാറി ശസ്ത്രക്രിയ നടത്തിയെന്നും പിന്നീട് കുടുംബത്തിന്റെ അനുമതിയില്ലാതെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

വൃക്കയിലെ കല്ല് നീക്കാനായി കഴിഞ്ഞ ഓഗസ്റ്റിലാണ് റീജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദ്യം പ്രവേശിപ്പിച്ചത്. ഇടതുഭാഗത്താണ് കല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനുപകരം വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ശസ്ത്രക്രിയയ്ക്ക് ശേഷം വേദനയും പഴുപ്പും കൂടി. ഇക്കാര്യം പറഞ്ഞപ്പോൾ പഴുപ്പെല്ലാം സാധാരണയാണെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം. തുടർന്ന് ആശുപത്രിയിൽനിന്ന് വിട്ടയച്ചു.

വേദനയും ശാരീരികാസ്വാസ്ഥ്യങ്ങളും വർധിച്ചതോടെ കഴിഞ്ഞ ഏപ്രിലിൽ വീണ്ടും മെഡിക്കൽ കോളേജിൽ ചികിത്സതേടി. തുടർന്ന് മെഡിക്കൽ കോളേജിൽവെച്ച് ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വേണ്ടെന്ന് പറഞ്ഞിട്ടും കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് രണ്ടാമതും ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കുശേഷവും ആരോഗ്യനില വഷളായതോടെ റീജിത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും, ആവശ്യമായ പരിചരണവും വ്യക്തമായ വിശദീകരണവും ലഭിച്ചില്ലെന്നും പരാതി ഉണ്ട്.കൂടാതെ, യൂറോളജി വിഭാഗത്തിലെ ഡോക്ടറെ നേരിൽ കണ്ട് 5,000 രൂപ നൽകിയ ശേഷമാണ് ചികിത്സ ലഭിച്ചതെന്നും കുടുംബം ആരോപിച്ചു.

സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് യൂറോളജി വിഭാഗം മേധാവിയോട് റിപ്പോർട്ട് തേടി.റീജിത്തിന്റെ മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.