ആലുവ പീഡനം; പ്രതി ക്രിസ്റ്റല്‍ രാജിനെതിരെ വീണ്ടും പോക്‌സോ കേസ്, പെരുമ്പാവൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തും

ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റല്‍ രാജിനെതിരെ വീണ്ടുമൊരു പോക്‌സോ കേസ് കൂടി. ആലുവയിലേതിന് സമാനമായി, മോഷ്ടിക്കാനെത്തിയ വീട്ടിലെ കുട്ടിയെ കടന്നുപിടിച്ചതിനാണ് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തത്. ഈ കേസിലും അറസ്റ്റ് രേഖപ്പെടുത്തും.
പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞതോടെയാണ് പുതിയ കേസ് കൂടെ ചുമത്തുന്നത്. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ക്രിസ്റ്റല്‍ രാജിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. വാഹന മോഷണ കേസിലും പ്രതിയാണ് ക്രിസ്റ്റല്‍രാജ്. ആലുവയിലും പെരുമ്പാവൂരിലും സ്ഥിരം ഉണ്ടാകാറുള്ള ക്രിസ്റ്റല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സുപരിചിതനാണ്.
ആലുവ കേസുമായി ബന്ധപ്പെട്ട് ക്രിസ്റ്റലിന്റെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. മോഷണമുതല്‍ ഇവര്‍ വഴിയാണ് ക്രിസ്റ്റൽ വിറ്റിരുന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
മോഷണം ലക്ഷ്യമിട്ടായിരുന്നു പ്രതി രാത്രി കുട്ടിയുടെ വീട്ടില്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. അതിനിടെയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതും പീഡിപ്പിച്ചതും. ക്രിസ്റ്റലിന്റെ സഞ്ചിയില്‍ പല സ്ഥലങ്ങളിൽ നിന്നും മോഷ്ടിച്ച എട്ട് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. രാത്രി രണ്ടിന് കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ജനലിലൂടെ അകത്തേക്ക് കൈ കടത്തി വാതില്‍ തുറന്ന ശേഷം അവിടെ കിടന്ന മൊബൈല്‍ ഫോണ്‍ ആണ് ആദ്യം എടുത്തത്.