അമിത് ഷായുടെ കൊല്ലം സന്ദർശനം: സുരക്ഷാ വീഴ്ചയില്ലെന്ന് പൊലീസ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ചു. അമിത് ഷായുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയിട്ടില്ലെന്നും, ആഭ്യന്തര മന്ത്രി എത്തുന്നതിന് മുമ്പ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കുണ്ടറയിലും അമൃതാനന്ദമയി മഠത്തിലും പരിപാടികൾക്കെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സമരം.
അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായെന്നാരോപിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. വിവിഐപി വാഹനവ്യൂഹത്തിന് സമീപം പ്രതിഷേധക്കാർക്ക് എത്താൻ കഴിഞ്ഞത് ഗൗരവമായി പരിശോധിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഈ ആരോപണം തള്ളുന്നതാണ് ഇപ്പോൾ പൊലീസ് സമർപ്പിച്ച റിപ്പോർട്ട്.
