വിദേശജോലി തട്ടിപ്പ്: ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയ്ക്ക് ജാമ്യം

  1. Home
  2. Kerala

വിദേശജോലി തട്ടിപ്പ്: ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയ്ക്ക് ജാമ്യം

image


വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയ്ക്ക് ഉപാധികളോടെ ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. മൂന്നാമത്തെ കേസിലും പാർവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

2023 മുതൽ വിദേശ ജോലി സ്വപ്നം കാണുന്നവരെയും യൂറോപ്യൻ രാജ്യങ്ങളിലേക്കും കാനഡയിലേക്കും ഉൾപ്പെടെ കുടിയേറി പാർക്കാൻ താല്പര്യമുള്ളവരെയും ലക്ഷ്യംവച്ചായിരുന്നു പാർവതിയുടെയും സംഘത്തിന്റെയും തട്ടിപ്പ്. അർമേനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് പണം തട്ടിയെന്നാണ് പൊലീസ് കണ്ടെത്തി.

തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയെന്നും ദുബായിൽ ക്രിപ്റ്റോകറൻസി ഇടപാടുകളിലൂടെയും പാർവതി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. പാർവതി അറസ്റ്റിലായതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതികളുടെ എണ്ണം വർധിച്ചു. കഴിഞ്ഞ ദിവസം മാത്രം 25ലേറെ പരാതിക്കാരെത്തിയെന്ന് പൊലീസ് അറിയിച്ചു.

കേസിൽ പാർവതിയുടെ പങ്കാളി അനീഷ് മേനോൻ, അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു-വിജയൻ, ഷാജി എന്നിവരാണ് മറ്റ് പ്രതികൾ.  അനീഷ് വിദേശത്താണ്, ഇവരെയും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചു.