ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്കപാത; സ്വപ്നപദ്ധതിയുടെ ആദ്യ ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

  1. Home
  2. Kerala

ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്കപാത; സ്വപ്നപദ്ധതിയുടെ ആദ്യ ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

image


സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ  കോഴിക്കോട്‌വയനാട് തുരങ്കപാത പദ്ധതിക്ക്  ഔദ്യോഗിക തുടക്കമായി . ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  മറിപ്പുഴ പദ്ധതി പ്രദേശത്ത് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ചടങ്ങുകൾ.2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. അനുബന്ധ നിർമാണ പ്രവർത്തനങ്ങളായ താത്ക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂർത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്.

ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി വഴിയുള്ള ഈ തുരങ്കപാത യാഥാർഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ (മറിപ്പുഴ) മുതൽ വയനാട് ജില്ലയിലെ കള്ളാടി (മീനാക്ഷി പാലം) വരെയാണ് പ്രധാന തുരങ്കപാത. കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.കിഫ്ബിയുടെ 2134.50 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയാണിത് .

പദ്ധതി പൂർത്തിയാകുന്നതോടെ കോഴിക്കോട്‌വയനാട് യാത്രാ ദൂരം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷ. ആനക്കാംപൊയിൽ മുതൽ മേപ്പാടി വരെ ഏകദേശം 8.7 കിലോമീറ്റർ ദൂരമാണ്.
പരിസ്ഥിതി, വനം വകുപ്പുകളുടെ കർശന പരിശോധനകളും അനുമതികളും നേടിയ ശേഷമാണ് സംസ്ഥാന സർക്കാരിന്റെ ഈ സ്വപ്നപദ്ധതി യാഥാർഥ്യമാകുന്നത്. ഓസ്‌ട്രേലിയൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ''കട്ട് ആൻഡ് കവർ'' രീതിയിൽ തുരങ്കം നിർമ്മിക്കും. കൃത്യമായ അളവിലും ആഴത്തിലും പാറ തുരക്കാൻ ആധുനിക റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിക്കും.
പദ്ധതി പൂർത്തിയാകുമ്പോൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ ഇരട്ട തുരങ്കപാതയായി ഇത് മാറും.