സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കും; നോർക്ക വഴി അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

  1. Home
  2. Kerala

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കും; നോർക്ക വഴി അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ANISH MENON


സിക്കിമിലെ ജലവൈദ്യുതപദ്ധതി തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ പൊലിഞ്ഞ മലയാളി ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം നോർക്കയാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

സിക്കിമിൽ നിന്ന് റോഡ് മാർഗം കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം, അവിടെ സജ്ജമാക്കിയ പ്രത്യേക മൊബൈൽ യൂണിറ്റിൽ വെച്ച് എംബാം ചെയ്ത ശേഷം ഏറ്റവും അടുത്ത വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും. കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ആംബുലൻസ് മാർഗം കോട്ടയത്തെ വീട്ടിലേക്ക് എത്തിക്കാനുള്ള സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ (NHPC) സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്ന അനീഷ് തിങ്കളാഴ്ചയുണ്ടായ അപകടത്തിലാണ് ദുരന്തത്തിൽപ്പെട്ടത്. 20 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 2011 മുതൽ എന്.എച്ച്.പി.സിയിൽ സേവനമനുഷ്ഠിക്കുന്ന അനീഷ് ഏഴു മാസം മുൻപാണ് സിക്കിമിലേക്ക് ജോലിക്ക് എത്തുന്നത്. ഭാര്യ ഡോ. സംഗീതയും രണ്ട് മക്കളുമുണ്ട്.