അങ്കമാലിയിൽ വിദ്യാർഥിനി മരിച്ച സംഭവം: കാർ ഓടിച്ച ഡോക്ടർ മുൻകൂർ ജാമ്യം തേടി കോടതിയിൽ; അഞ്ചാം ദിവസവും പിടികൂടാനാവാതെ പോലീസ്

  1. Home
  2. Kerala

അങ്കമാലിയിൽ വിദ്യാർഥിനി മരിച്ച സംഭവം: കാർ ഓടിച്ച ഡോക്ടർ മുൻകൂർ ജാമ്യം തേടി കോടതിയിൽ; അഞ്ചാം ദിവസവും പിടികൂടാനാവാതെ പോലീസ്

jasliya


നിയന്ത്രണം വിട്ട കാറിടിച്ച് കോളജ് വിദ്യാർഥിനി ജാസ്ലിയ മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. സിറിയക് പി. ജോർജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. കോട്ടയം സെഷൻസ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നൽകിയത്. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഡോക്ടർക്ക് രക്ഷപ്പെടാൻ പോലീസ് വഴിവിട്ട സഹായം നൽകുന്നുവെന്ന് ആരോപിച്ച് ജാസ്ലിയയുടെ കുടുംബം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു.

ഫെബ്രുവരി 28-ന് അങ്കമാലി ടെൽക് ജങ്ഷനിൽ വെച്ചാണ് എടവനക്കാട് സ്വദേശിയായ ജാസ്ലിയ അപകടത്തിൽപ്പെട്ടത്. അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജാസ്ലിയ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അതിരമ്പുഴ സ്വദേശിയായ സിറിയക് പി. ജോർജിന്റെ XUV 700 കാർ ഇടിച്ചത്. കാർ ഇടിച്ചു തെറിപ്പിച്ച ജാസ്ലിയയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. മരണശേഷവും നാല് പേർക്ക് പുതുജീവൻ നൽകിക്കൊണ്ട് ജാസ്ലിയയുടെ അവയവങ്ങൾ കുടുംബം ദാനം ചെയ്തിരുന്നു. പ്രതിയെ ഉടൻ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാരും കുടുംബവും പ്രതിഷേധം ശക്തമാക്കുകയാണ്.