ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം; യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ്

  1. Home
  2. Kerala

ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം; യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ്

image


പത്തനംതിട്ട ഗവിയിൽ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 32 വയസ്സുകാരിയായ യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പ്രതി മൊഴി നൽകി. മീനാർ അങ്കണവാടിയിലെ ഹെൽപ്പറായിരുന്ന യുവതി ഗവിയിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു.ഗവി-മീനാർ വനപാതയിലൂടെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ആദ്യഘട്ടത്തിൽ പ്രതി കുറ്റം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. യുവതിയെ തള്ളിയപ്പോൾ കല്ലിൽ തല ഇടിച്ച് താഴേക്ക് വീണതായും, തുടർന്ന് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതായും പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതി യുവതിയെ പിന്തുടർന്നിരുന്നതായും, ആക്രമണത്തിനായി വനമേഖലയിൽ താൽക്കാലിക കുടിൽ കെട്ടി താമസിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരേ കൊലപാതക ശ്രമത്തിന് മറ്റൊരു കേസുണ്ടെന്നും പോലീസ് പറഞ്ഞു.