അൻസിബയുടെ പരാതി: ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്‌ഐക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

  1. Home
  2. Kerala

അൻസിബയുടെ പരാതി: ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്‌ഐക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

ansiba


നടി അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്‌ഐ രേഷ്മ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. വ്യാജ പരാതിയുടെ മറവിൽ തന്നെ മാനസികമായി പീഡിപ്പിക്കുകയും സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ചെയ്തെന്ന അൻസിബയുടെ പരാതിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ കോടതി ഹിൽപാലസ് പോലീസിന് നിർദ്ദേശം നൽകി.

മുൻപ് ലക്ഷ്മിപ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ ഈ പരാതി പൂർണ്ണമായും വ്യാജമാണെന്നും തന്നെ മാനസികമായി ബുദ്ധിമുട്ടിക്കാൻ വേണ്ടി ബോധപൂർവ്വം നൽകിയതാണെന്നുമാണ് അൻസിബയുടെ ആരോപണം. കൂടാതെ പോലീസ് സ്റ്റേഷനിൽ വെച്ച് തന്നെ നിർബന്ധിച്ച് മാപ്പ് എഴുതി വാങ്ങിച്ചതായും അൻസിബ പരാതിയിൽ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിക്കുൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. തുടർന്ന് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചത്.

പോലീസിന്റെ ഈ അന്വേഷണ റിപ്പോർട്ട് തള്ളിയാണ് അൻസിബ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് വന്നതോടെ ലക്ഷ്മിപ്രിയക്കും വനിതാ എസ്‌ഐക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലീസ് നിർബന്ധിതരായിരിക്കുകയാണ്. നേരത്തെ അൻസിബ നൽകിയ മറ്റൊരു പരാതിയിൽ കോടതി നിർദ്ദേശപ്രകാരം നടൻ ടിനി ടോമിനെതിരെയും പോലീസ് കേസെടുത്തിരുന്നു. ആ കേസിൽ നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണം പുരോഗമിക്കുകയാണ്.